12:36pm 11 November 2026
NEWS

അമ്മയെ ചുംബിച്ചതിൽ ഇവിടെ ആർക്കാണ് പ്രശ്നമെന്ന് മന്ത്രി സജി ചെറിയാൻ

27/09/2025  07:55 PM IST
nila
 അമ്മയെ ചുംബിച്ചതിൽ ഇവിടെ ആർക്കാണ് പ്രശ്നമെന്ന് മന്ത്രി സജി ചെറിയാൻ

മാതാ അമൃതാനന്ദമയിയെ അമ്മയുടെ സ്ഥാനത്ത് കണ്ടാണ് ചുംബിച്ചതെന്ന് മന്ത്രി സജി ചെറിയാൻ. മാതാ അമൃതാനന്ദമയിയെ സാംസ്കാരിക വകുപ്പ് ആദരിക്കുകയും മന്ത്രി ചുംബിക്കുകയും ചെയ്ത സംഭവത്തിൽ വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. അമ്മയുടെ സ്ഥാനത്ത് കണ്ടാണ് അമൃതാനന്ദമയിയെ ചുംബിച്ചതെന്ന് പറഞ്ഞ മന്ത്രി, അതിന് ഇവിടെ ആർക്കാണ് പ്രശ്നമെന്നും ചോദിച്ചു. 

''ലോകം ആദരിക്കുന്ന അമ്മയാണ്. 25 വർഷം മുൻപ് അമൃതാന്ദമയി യുണൈറ്റഡ് നേഷൻസിൽ പോയി മലയാളത്തിൽ പ്രസംഗിച്ചു. വളരെ പിന്നാക്ക അവസ്ഥയിൽ നിന്ന് വന്നവരാണ്. അവരെ സാംസ്കാരിക വകുപ്പ് ആദരിച്ചു. അവർ എന്ത് തെറ്റാണ് ചെയ്തത്. ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തു. അമ്മ എല്ലാവരെയും ചുംബിക്കുമല്ലോ. എനിക്കും തന്നു. എൻറെ അമ്മ എന്നെ ചുംബിക്കും പോലെയാണ് കണ്ടത്. അതിന് അപ്പുറത്തേക്ക് കണ്ടില്ല. ഞാൻ അമ്മയ്ക്ക് ഷാൾ ഇട്ടിട്ട് ഉമ്മ നൽകി. എൻറെ അമ്മയുടെ പ്രായം ഉള്ള അമ്മയുടെ സ്ഥാനത്ത് നിൽക്കുന്ന ആൾക്ക് ഉമ്മ നൽകിയത് പലർക്കും സഹിക്കാൻ കഴിയില്ല. ഫേസ്ബുക്ക് മുതലാളികൾ എഴുതിക്കൊണ്ടിരിക്കുകയാണ്'' കായംകുളത്ത് ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ഐക്യരാഷ്ട്രസഭയിലെ ജനറൽ അസംബ്ലിയിൽ മാതാ അമൃതാനന്ദമയി പ്രസംഗിച്ചതിൻറെ രജതജൂബിലി ആഘോഷ വേളയിലാണ് സംസ്ഥാന സർക്കാർ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ സർക്കാരിനുവേണ്ടി മാതാ അമൃതാനന്ദമയിയെ ആദരിച്ചു. ഐക്യരാഷ്ട്ര സഭയിലെ പ്രസംഗം മലയാളത്തിൻറെ പ്രശസ്തി വാനോളം ഉയർത്തിയെന്നു മന്ത്രി സജിചെറിയാൻ പറഞ്ഞു. കേരള സർക്കാരിൻറെ ആദരം മലയാള ഭാഷയ്ക്കുള്ളതെന്നു മാതാ അമൃതാനന്ദമയി മറുപടിയായി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img